Foreword
Wednesday, July 16, 2025
Friday, July 4, 2025
മരുന്ന്
കരയും കടലും കടന്നു പറന്നകന്നെത്തിയ സ്വപ്നത്തിൽ നാട്ടിൽ നിന്നും
മണ്ണപ്പം ചുട്ടും മഴയിൽ കുളിച്ചും നടന്നൊരു കാലത്തിൻ ഓർമ്മ പുൽകാൻ
പരദേശവാസിയായ് പലനാൾ കഴിഞ്ഞു മടങ്ങിയെൻ മണ്ണിൽ ഞാനെത്തിടുമ്പോൾ
മഴത്തുള്ളി പാറ്റുന്ന മണ്ണിൻ മണം ഓർത്തെടുക്കുവാനെന്തു മരുന്നുണ്ണണം?
ഓടിക്കളിച്ചു തിമിർത്തു വരുന്നേരം പൊടിയും വിയർപ്പും തുടയ്ക്കുവാനും
കണ്ണുന്നീരൊപ്പാനും മൂക്ക് പിഴിയാനും ഉണ്ടുകഴുകി കൈ തോർത്തുവാനും
എന്നും പിടിച്ചൊരെന്നമ്മയുടെ സാരി തൻ തുമ്പിൻ മുഷിപ്പു മണത്തീടുകിൽ
മൂക്കു ചുളിയ്ക്കാതിരിക്കുവാൻ ഞാനേതു കൊടിയ നാസീകരണമേറ്റിടേണം?
കവലയിൽ പോക്കറ്റു കീറിയൊരു കുപ്പായമിട്ട് ചെറുബീഡി വലിയ്ക്കുന്നൊരാ
മുടി നരച്ചൊരു പടുവൃദ്ധന്റെ പുഞ്ചിരി കണ്ടിതാരാണെന്നു ചിന്തിയ്ക്കയിൽ
പാടത്തു പണ്ട് കിളയ്ക്കുവാൻ വന്നൊരു മാമനാണെന്ന ബോധം വരുമ്പോൾ
മുഖം തിരിയ്ക്കാതെയിരിയ്ക്കാൻ കഴുത്തിലായ് ഏതു കുഴമ്പ് പുരട്ടീടണം?
രാസവളങ്ങളും ഹോർമോണുമില്ലാതടുക്കള തോട്ടത്തിൽ വിളയുന്നോരാ
നന്മ വിളമ്പും ഫലങ്ങൾ കൊണ്ടത്താഴക്കൂട്ടൊന്നു വാരി കഴിച്ചതിനാൽ
ഫാസ്ററ് ഫുഡ്ഡും കൊക്കക്കോളയും നന്നായി സേവിച്ചു പെരുകിയോരെൻ വയറിൻ
ദഹനത്തിനുണ്ടായ കഷ്ടം കടക്കുവാനെന്തു കഷായം കഴിച്ചിടേണം?
നഗരാരവങ്ങളിൽ കാതിൽ തിരുകുന്ന ചെറുതരം കോളാമ്പി മാറ്റിവച്ച്
പൈക്കളും കാകനും പുള്ളും കിളികളും നായും നരിച്ചീറും പുൽച്ചാടിയും
പൂവിനെ തഴുകിവരുന്ന ചെറുകാറ്റും മൂളുന്ന പാട്ടിൻ തുടി കേൾക്കവേ
ചെവിയുടെ കൊട്ടിയടപ്പ് മാറ്റാനിന്നു ഗുളികയെന്തെല്ലാം വിഴുങ്ങീടണം?
കൺമറ കെട്ടിയീ മത്സരയോട്ടത്തിൽ മുമ്പിലോട്ടെന്നും കുതിച്ചീടുവാൻ
ദേഹത്തിനഴലും തൻ ദേഹിതൻ നിഴലും മറന്നു ജീവിച്ചു ഞാൻ നേടിയോരീ
മനസ്സിൻ കറുപ്പും തൊലിതൻ വെളുപ്പും തുടച്ചെനിയ്ക്കിന്നു ഞാനായീടുവാൻ
എളിമതൻ മടിയിലേക്കൊന്നു മടങ്ങുവാനേതു പുനർജനി താണ്ടിടേണം?